കുട്ടികളിലെ പ്രമേഹം-മിഠായി ക്ലിനിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്
ടൈപ്പ് വണ്‍ പ്രമേഹ രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി എല്ലാ ജില്ലകളിലും മിഠായി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ഓട്ടോ ഇമ്മ്യൂണ്‍ ഡിസോഡര്‍ കാരണം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സ് ഭാഗത്തുള്ള ബീറ്റാകോശങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും നശിച്ചുപോവുകയും ചെയ്യുമ്പോഴാണ് ടൈപ്പ് വണ്‍ ( ജുവനൈല്‍ ) പ്രമേഹത്തിന് കുട്ടികള്‍ ഇരകളാകുന്നത്. സംസ്ഥാനത്ത് 3500ത്തോളം കുട്ടികളാണ് രോഗബാധിതരായുള്ളത്.
ടൈപ്പ് വണ്‍ ഡയബറ്റിസ് പിടിപെടുന്ന കുട്ടികള്‍ ജീവിതാവസാനം വരെ ദിവസം നാലോ അഞ്ചോ പ്രാവശ്യം ഇന്‍സുലിന്‍ കുത്തിവച്ചാണ് ജീവിക്കുന്നത്. എല്ലാദിവസവും ഇത്തരം കുട്ടികളുടെ വിരല്‍ത്തുമ്പില്‍ സൂചികൊണ്ട് കുത്തി ആറും ഏഴും പ്രാവശ്യം ശരീരത്തിലെ ബ്ലഡ് ഷുഗര്‍ ലെവല്‍ ചെക്ക് ചെയ്യേണ്ടിവരുന്നു. അനുബന്ധമായി മറ്റു പല രോഗങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ചികിത്സ ചെലവ് രക്ഷകര്‍ത്താക്കള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. മിഠായി ക്ലിനിക്കുകള്‍ നിലവില്‍ കേരളത്തില്‍ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഉള്ളത്. എല്ലാ ജില്ലകളിലും മിഠായി ക്ലിനിക്കുകളുടെ Satellite സെന്റര്‍ ആരംഭിക്കുമെന്ന് 2019ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
കോവിഡ് സാഹചര്യത്തില്‍ കുട്ടികളെയും കൊണ്ട് ദീര്‍ഘയാത്ര ചെയ്ത് മിഠായി ക്ലിനിക്കുകളില്‍ എത്തി മരുന്നു വാങ്ങുന്നത് വളരെയധികം പ്രയാസകരമാണ്. കാസര്‍കോടുള്ള രോഗിയായ കുട്ടിയെയും കൊണ്ടു കിലോമീറ്ററുകള്‍ യാത്ര ചെയ്തു കോഴിക്കോട് എത്തിയാണ് മരുന്നുകള്‍ വാങ്ങേണ്ടത്. മിട്ടായി ക്ലിനിക്കുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളില്‍ നിന്നുള്ള രോഗികളും ഈ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഏറ്റവുമധികം കരുതലും പരിചരണവും അര്‍ഹിക്കുന്ന ഈ കുട്ടികള്‍ക്ക് വേണ്ടി എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും മിഠായി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.